ആണവ, രാസാക്രമണ മുന്നറിയിപ്പിൽ പരിഭ്രാന്തി; യുക്രെയ്‌ന്റെ അലർട്ട് ആപ്പ് ഹാക്ക് ചെയ്തു

യുക്രെയ്ൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മൊബൈൽ എയർ അലർട്ട് ആപ്പിൽനിന്ന് ആണവ, രാസാക്രമണ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് ആശങ്ക. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റേഡിയേഷൻ ഭീഷണി, രാസാക്രമണം, കിയവിൽ തെരുവുയുദ്ധം തുടങ്ങിയ മുന്നറിയിപ്പുകൾ ആപ്പ് വഴി പ്രചരിച്ചത്. എന്നാൽ ഇത്തരം ഭീഷണികളൊന്നുമില്ലെന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പ് നൽകി.

റഷ്യയുടെ ആണവശേഷിയുള്ള ‘ഒറേഷ്നിക്’ മിസൈലിനെ പരാമർശിച്ച് ‘വിഷമിക്കേണ്ട, ഒറേഷ്നിക് വരുന്നുണ്ട്’ എന്ന സന്ദേശവും ആപ്പിലൂടെ ലഭിച്ചതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുസംഘങ്ങളുടെ സൈബർ ഇടപെടലിലൂടെ ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്ന് വ്യോമസേന അറിയിച്ചു. പിന്നാലെ ഡിജിറ്റൽ പരിവർത്തന മന്ത്രാലയം മുൻകരുതലിന്റെ ഭാഗമായി ആപ്പ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി.

‘ഹിറ്റ്കോർ’ എന്ന പേരിലുള്ള ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ ടെലിഗ്രാം ചാനലായ മാഷ് റിപ്പോർട്ട് ചെയ്തു. ഒരു യുക്രെയ്ൻ കമ്പനിയിലെ ജീവനക്കാരനെ കബളിപ്പിച്ച് കമ്പ്യൂട്ടറിലേക്ക് പ്രവേശനം നേടിയെന്നാണ് ഹാക്കർമാർ അവകാശപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സംഘത്തിന്റെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സംഭവത്തിന് പിന്നാലെ റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഉപയോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ അയച്ചതായും ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ നടപടികൾ തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 26-ന് കിയവിലെ സ്വയമേവ പ്രവർത്തിക്കുന്ന വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനത്തിലും സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ മുന്നറിയിപ്പുകൾ പലതവണ പുറപ്പെടുവിക്കുകയും പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് അധികൃതർ ക്ഷമാപണം നടത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക