ഏകദിന ക്രിക്കറ്റിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ഏകദിന ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി കൈവരിച്ചത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് താരം ഈ ചരിത്രനാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തിന് മുമ്പ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 12,988 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 13,000 റൺസ് തികയ്ക്കാൻ 12 റൺസ് കൂടി വേണ്ടിയിരുന്ന താരം ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഈ നേട്ടം പൂർത്തിയാക്കി.
ഈ പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 12,662 റൺസാണ് പോണ്ടിങ് നേടിയത്. മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര 9,747 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. തന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷനുകളിലൊന്നായ മൂന്നാം നമ്പറിൽ പുതിയ റെക്കോർഡ് കൂടി സ്വന്തമാക്കിയതോടെ ഇന്ത്യൻ താരത്തിന്റെ പേരിലുള്ള റെക്കോർഡുകളുടെ പട്ടിക വീണ്ടും നീളുകയാണ്.
