തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ഭൂരിപക്ഷം കിട്ടിയാൽ യു.പിയുടെ മുഖ്യമന്ത്രിയാകും: അഖിലേഷ് യാദവ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചന നൽകി സമാജ്‌വാദി പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഖിലേഷ്.

സമാജ്‌വാദി പാർട്ടി എത്ര സീറ്റുകളിൽ മത്സരിക്കുമെന്നും അഖിലേഷ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമോയെന്നുമായിരുന്നു ചോദ്യം. 2012 മാർച്ച് 15ന് കനൗജിൽ നിന്നുള്ള ലോക്‌സഭാ എംപിയായിരിക്കെയാണ് അഖിലേഷ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്. അന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ലോക്‌സഭാംഗത്വം രാജിവെച്ച് ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാവുകയായിരുന്നു.

‘ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയാകുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാൻ കാശിയിൽ ശുഭമുഹൂർത്തം നോക്കാറുണ്ട്. എനിക്ക് ശുഭകരമായത് എന്താണോ അത് ചെയ്യും’ എന്നായിരുന്നു അഖിലേഷിന്റെ തമാശരൂപത്തിലുള്ള പ്രതികരണം.

വിജയസാധ്യത പരിഗണിച്ചായിരിക്കും പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നും വിവിധ വിഭാഗങ്ങളെയും ഗ്രൂപ്പുകളെയും ഒപ്പം ചേർത്ത് മുന്നോട്ടുപോകാൻ സമാജ്‌വാദി പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 2027ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഏകദേശം 200 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കാൻ ഒരുങ്ങുകയാണെന്നും അഖിലേഷ് ആരോപിച്ചു. കാശിയിൽ നിന്നുള്ള മന്ത്രിമാരുടെ സീറ്റുകളായിരിക്കും ആദ്യം വെട്ടിക്കുറയ്ക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള വിവാദത്തിലും അഖിലേഷ് ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചു. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും വിജയിച്ചിട്ടും ഇവിഎമ്മുകളെക്കുറിച്ചുള്ള ആശങ്കകൾ സമാജ്‌വാദി പാർട്ടി ഉന്നയിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പേപ്പർ ബാലറ്റിലൂടെ മാത്രമേ വോട്ടെടുപ്പ് നടത്താവൂ എന്നാണ് പാർട്ടിയുടെ നിലപാടെന്നും ഇവിഎമ്മുകൾ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്നുമാണ് അഖിലേഷിന്റെ വാദം.

മറുപടി രേഖപ്പെടുത്തുക