ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്കെതിരെ ഭദ്രകീർത്തിയുടെ മൊഴി; തെളിവുകൾ കൈമാറി

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് എ.സി.പിക്ക് മുന്നിൽ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17കാരന്റെ പിതാവും കാറുടമയുമായ ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

അപകടവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ഭദ്രകീർത്തി അന്വേഷണ സംഘത്തിന് കൈമാറി. കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെക്കുറിച്ചുള്ള സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിട്ടുണ്ടെന്നും നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും മൊഴി നൽകിയശേഷം ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. പ്രതിയായ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും അപകടസമയത്ത് അതിവേഗത്തിൽ കാറോടിക്കുന്ന റീൽസ് ചിത്രീകരിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് കാർ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചും കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിച്ചുമാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

മറുപടി രേഖപ്പെടുത്തുക