സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ അജണ്ടകളും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫ് തകർത്തതിന്റെ അനന്തരഫലമാണ് ഇപ്പോൾ നിരത്തുകളിൽ കാണുന്ന ഭീകരാന്തരീക്ഷവും തുടർച്ചയായ ജീവനഷ്ടങ്ങളുമെന്നും പിണറായി ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം ഉറപ്പാക്കാനും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ വാഹന മോഡിഫിക്കേഷനുകൾ തടയുക, എഐ ക്യാമറകൾ സ്ഥാപിക്കുക, കർശന പരിശോധനകൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ നിരത്തുകളിൽ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്കായി നടപ്പാക്കിയ ഈ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയുമായിരുന്നു യുഡിഎഫെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ മുതലെടുപ്പിനായി ട്രാഫിക് ക്യാമറകൾ മൂടാനും നിയമലംഘകരെ നിയന്ത്രണമില്ലാതെ വിടാനും സുരക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കാനും യുഡിഎഫ് ആഹ്വാനം ചെയ്തതായി പിണറായി ആരോപിച്ചു. അധികാരത്തിലെത്തിയാൽ ഇത്തരം സംവിധാനങ്ങൾ എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് നിയമലംഘനങ്ങളെയും അച്ചടക്കമില്ലായ്മയെയും രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചവരാണ് ഇപ്പോൾ അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും അന്ന് ട്രാഫിക് അച്ചടക്കം തകർക്കാൻ മുന്നിൽ നിന്നവർക്ക് നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ കുറിച്ചു.
