ട്രംപിനെ രക്ഷിക്കാൻ ഗ്യാനേഷ് കുമാർ ഇല്ലാതെ പോയി; അഭിജിത് ദീപ്‌കെയുടെ ട്രോൾ

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ദീപ്‌കെയുടെ പരിഹാസം. ട്രംപിന് ഇത്തരമൊരു തിരിച്ചടി നേരിടാൻ ഗ്യാനേഷ് കുമാർ അനുവദിക്കില്ലായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വോട്ടർപട്ടികയിലെ ക്രമക്കേടുകളും പട്ടികയിൽനിന്ന് പേരുകൾ വെട്ടിമാറ്റിയതും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ദീപ്‌കെയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നുവെന്നാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്ന ആരോപണം.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് പാർട്ടി നേടിയതെന്നും ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപിന്റെ ഭരണശൈലിക്കേറ്റ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.

ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, അയോവ തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും ഡെമോക്രാറ്റുകൾ വിജയം നേടിയതായാണ് റിപ്പോർട്ട്. 435 അംഗ ജനപ്രതിനിധി സഭയിൽ 243 സീറ്റുകൾ ഡെമോക്രാറ്റുകൾ സ്വന്തമാക്കിയെന്നും 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് മുന്നേറ്റമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക