എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴും; മോദി ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിൽ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന് രാഹുൽ അവകാശപ്പെട്ടു. എന്നാൽ മോദി സംവാദത്തിന് തയ്യാറാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് താൽപര്യമുള്ള ആരെയും സംവാദത്തിൽ വിധികർത്താവായി നിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. മോദി ചർച്ചയ്ക്ക് തയ്യാറായാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്റെ വാദങ്ങൾ തെളിയിക്കാമെന്നായിരുന്നു വെല്ലുവിളി.

അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തിയെന്നും രാഹുൽ ആരോപിച്ചു. മോദി ട്രംപിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴുമെന്നും രാഹുൽ ഗാന്ധി റാലിയിൽ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് നേരത്തെയും താൻ വെല്ലുവിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക