മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ‘മദ്യമുക്ത കേരളം’ എന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടുപോകുമ്പോൾ, മദ്യത്തിനെതിരായ പോരാട്ടത്തിനും തുല്യ പ്രാധാന്യം നൽകണമെന്നും സുധീരൻ പറഞ്ഞു.
മയക്കുമരുന്നിന്റെ വ്യാപനവും സ്വാധീനവും കണക്കിലെടുത്ത് ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നതിനൊപ്പം മദ്യലഹരിക്കെതിരായ പ്രവർത്തനങ്ങളും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകണം. അല്ലാത്തപക്ഷം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെ കെസിബിസി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓർമിപ്പിച്ച് സുധീരൻ രംഗത്തെത്തിയത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. ജനവികാരം മനസ്സിലാക്കി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാത്ത സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയുന്ന വ്യവസ്ഥയും ഉണ്ടാകണമെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് പ്രകടനപത്രികയുടെ അന്തസത്ത പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
