വരൾച്ച ബാധിച്ച തെലങ്കാനയ്ക്ക് കേന്ദ്രസഹായമില്ല; അമിത് ഷായെ വിമർശിച്ച് കോൺഗ്രസ് നേതാവ് കോട്ട നീലിമ

വരൾച്ച രൂക്ഷമായ തെലങ്കാനയ്ക്ക് കേന്ദ്രസർക്കാർ സഹായം അനുവദിക്കാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വൈസ് പ്രസിഡന്റ് കോട്ട നീലിമ. രാഷ്ട്രീയ വൈരാഗ്യവും ഭരണഘടനാപരമായ ഉത്തരവാദിത്തവും വേർതിരിച്ചറിയാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ലെന്ന് അവർ ആരോപിച്ചു. ഹൈദരാബാദ് സന്ദർശനത്തിനിടെ സംസ്ഥാനത്തിന്റെ വരൾച്ചാ പ്രതിസന്ധി പരിഹരിക്കാൻ സഹായം പ്രഖ്യാപിക്കുന്നതിന് പകരം വർഗീയ വിഷയങ്ങൾ ഉന്നയിക്കാനാണ് അമിത് ഷാ ശ്രമിച്ചതെന്നും നീലിമ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 31 ജില്ലകളിലായി 365 മണ്ഡലങ്ങളിൽ വരൾച്ച പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കൃഷിനാശവും ഭക്ഷ്യ-കുടിവെള്ള ക്ഷാമവും കാരണം ഗ്രാമീണ, നഗര മേഖലകൾ ഒരുപോലെ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിളനാശവും തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ള ദുരിതങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നീലിമ പ്രസ്താവനയിൽ വ്യക്തമാക്കി. വരൾച്ചയ്ക്ക് പരിഹാരം കാണേണ്ട സമയത്ത് വർഗീയ രാഷ്ട്രീയം പറയുന്ന അമിത് ഷായുടെ നിലപാട് ജനങ്ങളുടെ ദുരിതത്തോടുള്ള അവഗണനയാണെന്നും അവർ വിമർശിച്ചു.

ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കൊണ്ട് വരൾച്ച പരിഹരിക്കാനാകില്ലെന്ന് നീലിമ പറഞ്ഞു. കർഷകർക്ക് നഷ്ടപരിഹാരവും കാർഷിക തൊഴിലാളികൾക്ക് തൊഴിലും കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷയും ആവശ്യമാണ്. ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരമേഖലകളിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രസഹായം വേണം. തെലങ്കാന നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ അമിത് ഷായുടെ പ്രസംഗത്തിൽ ഇടംപിടിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജൂൺ ഒന്ന് മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 24 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി നീലിമ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ വരൾച്ചാ ദുരിതാശ്വാസമായി 30,000 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധി (എൻഡിആർഎഫ്) വഴിയുള്ള സഹായം, കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ (എസ്ഡിആർഎഫ്) കേന്ദ്രവിഹിതം അനുവദിക്കൽ, വിളനാശത്തിനുള്ള നഷ്ടപരിഹാരം, കൃഷിയിറക്കാനുള്ള ഇൻപുട്ട് സബ്സിഡി എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കുടിവെള്ള ലഭ്യത, കാലിത്തീറ്റ, ഭൂഗർഭജല പുനഃസ്ഥാപനം എന്നിവയ്ക്കും സഹായം തേടിയിട്ടുണ്ട്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ വിബി-ജി റാം ജിയിൽ 50 ദിവസം അധിക തൊഴിൽ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ജി. കിഷൻ റെഡ്ഡിയും ബണ്ടി സഞ്ജയ് കുമാറും സംസ്ഥാനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും നീലിമ ആവശ്യപ്പെട്ടു.

31 ജില്ലകൾ വരൾച്ചയുടെ ദുരിതം നേരിടുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് പകരം രാഷ്ട്രീയ നാടകത്തിലാണ് ബിജെപി ഏർപ്പെട്ടിരിക്കുന്നതെന്ന് അവർ ആരോപിച്ചു. ഓരോ കുടുംബത്തെയും വരൾച്ചയുടെ ആഘാതത്തിൽനിന്ന് സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാർ നടപടികൾ തുടരുകയാണെന്നും തെലങ്കാനയ്ക്ക് അർഹമായ കേന്ദ്രസഹായം ലഭിക്കുന്നതുവരെ പോരാടുമെന്നും നീലിമ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക