ജയ്പൂരിലെ മെഴ്‌സിഡസ് കാർ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം; അഞ്ച് കിലോമീറ്ററോളം പുക; ആഡംബര കാറുകൾ കത്തിനശിച്ചു

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ വൻ തീപിടിത്തം. സംഗനേർ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാജി മാർക്കറ്റിലുള്ള മെഴ്‌സിഡസ് വർക്ക്‌ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. അപകടത്തിൽ എട്ട് ആഡംബര കാറുകളും വിലകൂടിയ സ്പെയർ പാർട്‌സുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് ഏകദേശം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കനത്ത പുക പടർന്നു.

വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി. പത്ത് ഫയർ എഞ്ചിനുകളാണ് തീ നിയന്ത്രണവിധേയമാക്കുന്നതിനായി എത്തിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തമുണ്ടാകുമ്പോൾ പുതിയതും പഴയതുമായ 50-ലധികം വാഹനങ്ങൾ വർക്ക്‌ഷോപ്പിലുണ്ടായിരുന്നു. തീ അതിവേഗം പടർന്നതോടെ എട്ട് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. എന്നാൽ പൊലീസും അഗ്നിരക്ഷാസേനയും സമയബന്ധിതമായി ഇടപെട്ട് മറ്റ് വാഹനങ്ങൾ സുരക്ഷിതമായി പുറത്തെടുത്തതോടെ വലിയ നാശനഷ്ടം ഒഴിവാക്കാനായി.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമാകാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. കത്തിനശിച്ച വാഹനങ്ങൾക്കും സ്പെയർ പാർട്‌സുകൾക്കും ഉണ്ടായ നാശനഷ്ടവും അധികൃതർ വിലയിരുത്തിവരികയാണ്.

ഇതിനിടെ, അതേ ദിവസം ജയ്പൂരിലെ നാരായൺ സിംഗ് സർക്കിളിന് സമീപമുള്ള ഒരു മാളിലും തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവായി.

മറുപടി രേഖപ്പെടുത്തുക