ജമ്മു കശ്മീരിലെ കോളേജ് ലൈബ്രറികളിൽ നിന്ന് 4,249 പുസ്തകങ്ങൾ പിൻവലിച്ചു; നിയമസഭയിൽ സർക്കാർ

ജമ്മു കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജ് ലൈബ്രറികളിലെയും 4,249 പുസ്തകങ്ങൾ ശേഖരങ്ങളിൽ നിന്ന് പിൻവലിച്ചതായി സർക്കാർ നിയമസഭയെ അറിയിച്ചു. ലാംഗേറ്റ് എം.എൽ.എയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ ഷെയ്ഖ് ഖുർഷീദ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിൻവലിച്ച പുസ്തകങ്ങളിൽ 94 ശതമാനവും കശ്മീർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവയാണ്. കശ്മീർ ഡിവിഷനിൽ നിന്ന് 3,996 പുസ്തകങ്ങളും ജമ്മു ഡിവിഷനിൽ നിന്ന് 253 പുസ്തകങ്ങളുമാണ് നീക്കം ചെയ്തത്.

2025 ഓഗസ്റ്റിൽ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി നിരോധിച്ച 19 തലക്കെട്ടുകളിലുള്ള 518 പുസ്തക പ്രതികളും ലൈബ്രറികളിൽ നിന്ന് പൂർണമായും മാറ്റിയതായി സർക്കാർ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജ് തലം, ഡയറക്ടറേറ്റ് തലം, അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ അക്കാദമിക് ഓഡിറ്റിന്റെ ഭാഗമായാണ് നടപടി. ഈ പരിശോധനയിൽ 21,81,582 പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളുമാണ് പ്രത്യേക സമിതികൾ വിലയിരുത്തിയത്.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ ചോദ്യം ചെയ്യുന്നതോ തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഡിറ്റ് നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടുതൽ പുസ്തകങ്ങളുടെ ഉള്ളടക്ക പരിശോധന ഇപ്പോഴും തുടരുകയാണെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ഏതെല്ലാം എഴുത്തുകാരുടെയോ പ്രസാധകരുടെയോ പുസ്തകങ്ങളാണ് പിൻവലിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ ഷെയ്ഖ് ഖുർഷീദ് മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക