കർണാടകയിൽ പ്രമുഖ എണ്ണക്കമ്പനികളുടെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ) പമ്പിൽനിന്ന് ശേഖരിച്ച സാമ്പിളിൽ 31.2 ശതമാനം എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 63 പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ ഐഒസിഎൽ സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തി. ഭാരത് പെട്രോളിയം സാമ്പിളിൽ 26.5 ശതമാനമാണ് എഥനോളിന്റെ അളവ്. സ്വകാര്യ കമ്പനികളായ നയാരയുടെയും ഷെല്ലിന്റെയും സാമ്പിളുകളിൽ യഥാക്രമം 26.1 ശതമാനവും 25.5 ശതമാനവും എഥനോൾ കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. അനുവദനീയമായ പരിധി മറികടന്ന ജില്ലകളിൽ ബെംഗളൂരുവും ഉൾപ്പെടുന്നു.
ആദ്യഘട്ടത്തിൽ ഐഒസിഎൽ, ബിപിസിഎൽ കമ്പനികളുടെ ആഭ്യന്തര ലാബുകളിലാണ് സാമ്പിളുകൾ പരിശോധിച്ചത്. എന്നാൽ എഥനോളിന്റെ അളവ് സംബന്ധിച്ച കമ്പനികളുടെ പരിശോധനാ ഫലങ്ങളിൽ കൃത്യതയില്ലെന്ന് സംശയം തോന്നിയതോടെയാണ് സാമ്പിളുകൾ സ്വതന്ത്ര ലാബുകളിലേക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെയും (NABL) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെയും (ISO) അംഗീകാരമുള്ള ലാബുകളിലെ പരിശോധനയിലാണ് ഉയർന്ന അളവിലുള്ള എഥനോൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
E20 നിലവാരത്തിലുള്ള പെട്രോളിൽ 20 ശതമാനം എഥനോളാണ് കലർത്തേണ്ടത്. ഇതിൽ കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമോയെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു. ഇന്ത്യയിലെ 35 കോടിയിലധികം വാഹനങ്ങളിൽ 99 ശതമാനവും 20 ശതമാനത്തിലധികം എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തവയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുവദനീയമായ പരിധി ലംഘിച്ച എണ്ണക്കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇന്ധനം ഉപയോഗിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എഥനോൾ മിശ്രണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും പരിശോധനാ കണ്ടെത്തലുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
