എക്സൈസ് കമ്മീഷണർ സാമ്പശിവ റാവുവിനെ മാറ്റിയ നടപടിക്കെതിരെ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമപരമായി മാത്രം പ്രവർത്തിക്കുകയും സമ്മർദങ്ങൾക്ക് വഴങ്ങാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു സാമ്പശിവ റാവുവെന്നും അദ്ദേഹത്തെ മാറ്റിയതിലൂടെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് യുഡിഎഫ് സർക്കാരിൽ സ്ഥാനമില്ലെന്ന സന്ദേശമാണ് നൽകുന്നതെന്നും രാജേഷ് ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം. ലിജുവും മുഖ്യമന്ത്രിയും നടത്തിയ പരാമർശങ്ങൾ രേഖകൾ സഹിതം നേരത്തെ തന്നെ താൻ പൊളിച്ചുകാട്ടിയതാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് എക്സൈസ് കമ്മീഷണർക്ക് ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം നൽകിയതെന്ന വാദം തെറ്റാണെന്നും 2011 ജൂലൈ 19ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച ചട്ടം പുറത്തുവിട്ട് ഇക്കാര്യം തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന ആരോപണവും രാജേഷ് തള്ളി. കാലാകാലങ്ങളായി ഈ അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്കാണുള്ളതെന്നും ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ മന്ത്രിക്ക് നിലപാട് തിരുത്തേണ്ടിവന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടിയെന്ന വാദവും എം.ബി. രാജേഷ് ചോദ്യം ചെയ്തു. അന്ന് ബാർ ലൈസൻസുകൾ ബിയർ ആൻഡ് വൈൻ പാർലറുകളാക്കി മാറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവാരവും നിശ്ചിത മാനദണ്ഡങ്ങളും പാലിക്കാതെ ബാർ ലൈസൻസുകൾ അനുവദിച്ചതിനെതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടിയെന്നും വിശദീകരിച്ചു.
പിന്നീട് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നയപ്രകാരം, നേരത്തെ ബാർ ലൈസൻസ് ഉണ്ടായിരുന്ന ഹോട്ടലുകളിൽ ത്രീ സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള കേന്ദ്ര സർക്കാർ ക്ലാസിഫിക്കേഷൻ ലഭിച്ചവർക്കു മാത്രമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും രാജേഷ് വ്യക്തമാക്കി.
