വൈകാരിക കുറിപ്പുമായി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് മുഹമ്മദ് ഷമി

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. വെള്ള ജേഴ്സിയോട് വിടപറയുകയാണെങ്കിലും അതിലൂടെ ലഭിച്ച ഓർമകളും ബന്ധങ്ങളും ഒരിക്കലും അവസാനിക്കില്ലെന്ന് ഷമി കുറിച്ചു.

‘ഞാൻ വൈറ്റ് ജേഴ്സിയോട് വിടപറയുകയാണ്. പക്ഷേ, അതിലെ ഓർമകളും ബന്ധവും ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. അന്നുമുതൽ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങൾ നൽകി’ — ഷമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഷമി 229 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2019, 2023 ഏകദിന ലോകകപ്പുകളിലും മികച്ച പ്രകടനത്തിലൂടെ താരം ശ്രദ്ധ നേടിയിരുന്നു.

മറുപടി രേഖപ്പെടുത്തുക