ഇറാനിൽ വീണ്ടും പരിമിതമായ സൈനിക ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖേഷ്മ ദ്വീപിലെ വ്യോമപ്രതിരോധ സംവിധാനമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ അടുത്തിടെ സ്ഥാപിച്ച വിമാനവിരുദ്ധ സംവിധാനം മിനിറ്റുകൾക്കുള്ളിൽ യുഎസ് സൈന്യം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖേഷ്മ ദ്വീപിലെ സുജ മേഖലയിൽ വെള്ളിയാഴ്ച രണ്ട് മിസൈൽ ആക്രമണങ്ങൾ നടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ദ്വീപിന് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോൺ ഇറാൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷം സമീപ ദിവസങ്ങളിലും തുടരുകയാണ്. ഖേഷ്മ, ഹെങ്ഹാം ദ്വീപുകൾക്ക് സമീപവും തിങ്കളാഴ്ച ബന്ദർ അബ്ബാസ് മേഖലയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ യുഎസ് സൈനിക നടപടികളെ പ്രതിരോധ ആക്രമണങ്ങളെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സൈനിക ഏറ്റുമുട്ടലുകൾ അന്താരാഷ്ട്ര ഊർജവിപണികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇതിനിടെ, ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറിലെത്താൻ ഇറാൻ താൽപ്പര്യപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഏതെല്ലാം വിഷയങ്ങളിലാണ് ധാരണയായതെന്ന് വ്യക്തമാക്കിയില്ല. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ആക്രമണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.
ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറും നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടെന്ന റിപ്പോർട്ടുകൾ ഖത്തർ തള്ളി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് ഖത്തർ വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് 20 മില്യൺ ഡോളർ വരെ പ്രതിഫലം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ആണവകേന്ദ്രങ്ങൾ, ഉപകരണങ്ങൾ, പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
