ഇന്ത്യൻ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനത്തിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫീൽഡ് റിപ്പോർട്ടർമാർ നേരിടുന്ന വെല്ലുവിളികളെയും സ്വന്തം ജീവൻ പോലും അപകടത്തിലാക്കി വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവർ കാണിക്കുന്ന ധൈര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. മാധ്യമപ്രവർത്തകരുടെ ആത്മാർഥതയെയും സമർപ്പണത്തെയും എക്കാലവും ആദരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തനത്തിൽ സമയനിഷ്ഠയ്ക്കുള്ള പ്രാധാന്യവും മോദി ചൂണ്ടിക്കാട്ടി. ടെലിവിഷൻ വാർത്തയായാലും പത്രപ്രവർത്തനമായാലും കൃത്യസമയത്ത് ജോലി പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഫാക്സ് മെഷീനുകളുടെ കാലത്തുനിന്ന് ഇൻസ്റ്റഗ്രാം റീലുകൾ വരെയെത്തിയ മാധ്യമരംഗത്തെ സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷിയായ അനുഭവവും അദ്ദേഹം പങ്കുവച്ചു. സംഘടനാ പ്രവർത്തനകാലം മുതൽ മാധ്യമങ്ങളുമായി പുലർത്തിയ ബന്ധവും മോദി അനുസ്മരിച്ചു.

മറുപടി രേഖപ്പെടുത്തുക