മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; ഇന്ത്യയുൾപ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സാങ്കേതിക തകരാറിനെ തുടർന്ന് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയുൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് റിപ്പോർട്ട്. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

മൈക്രോസോഫ്റ്റ് ടീംസ്, ഔട്ട്‌ലുക്ക്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയറായ കോപൈലറ്റ് എന്നിവയുടെ പ്രവർത്തനത്തെയാണ് പ്രധാനമായും തടസം ബാധിച്ചത്. ഇതിന് പുറമെ വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ്, മൈക്രോസോഫ്റ്റ് സ്റ്റോർ തുടങ്ങിയ സേവനങ്ങളിലും ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിട്ടു.

ഇന്ത്യയിൽ ഇന്ന് രാവിലെ മുതൽ ഓഫീസ് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിനും ഇമെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വ്യാപകമായ തടസങ്ങൾ അനുഭവപ്പെട്ടു. വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിലൂടെ വ്യക്തമാക്കി. സേവനങ്ങൾ സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക