മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് എസ്. വളർമതി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് സതീശൻ തെളിയിച്ചിരിക്കുകയാണെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കിയതിലൂടെ സർക്കാരിന്റെ ധാർഷ്ട്യമാണ് പുറത്തുവന്നതെന്നും വളർമതി കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിരിക്കുമ്പോൾ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ നൂറുശതമാനവും ശരിയാണെന്നും അധികാരത്തിലെത്തിയാൽ അവ നടപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ നേരിട്ട് വിളിച്ച് സംസാരിക്കുകയും അനുപാതം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികാരത്തിലെത്തിയശേഷം സർക്കാർ എന്തുകൊണ്ടാണ് നിലപാട് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും വളർമതി ആവശ്യപ്പെട്ടു.
പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. ഉദ്യോഗാർഥികൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചപ്പോൾ കണ്ണീരൊഴുക്കിയ സർക്കാർ പിന്നീട് അവരെ രണ്ടുതവണ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയത് എന്തിനാണെന്നും അവർ ചോദിച്ചു. കഴിഞ്ഞ ദിവസം സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടിയിലും സർക്കാരിന്റെ ധാർഷ്ട്യമാണ് പ്രകടമായതെന്ന് വളർമതി പറഞ്ഞു.
‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി നിലപാടുകൾ മാറ്റിപ്പറയുകയാണെന്നും സമരസമിതി ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സർക്കാരിന് വൈരാഗ്യം വർധിക്കുകയും ഉദ്യോഗാർഥികളെ ശത്രുപക്ഷത്ത് നിർത്തുകയും ചെയ്യുന്നു. ആദ്യം സർക്കാർ ആത്മപരിശോധന നടത്തണമെന്നും വളർമതി ആവശ്യപ്പെട്ടു.
