ദീപാവലി ആഘോഷങ്ങളിലെ പടക്കങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ, പഴയകാലത്തെ പടക്കങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ശ്രദ്ധ നേടുന്നു. പണ്ട് ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ ഇന്നത്തെപ്പോലെ രാസവസ്തുക്കൾ ചേർത്തിരുന്നില്ലെന്നും അവയിൽനിന്ന് പുറത്തുവന്നിരുന്ന പുക കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാൻ സഹായിച്ചിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ദീപാവലി ഉൾപ്പെടെയുള്ള പരമ്പരാഗത ആഘോഷങ്ങളിലെ ആചാരങ്ങൾക്ക് ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്നും അവയുടെ യഥാർഥ പ്രാധാന്യം മനസ്സിലാക്കി ആഘോഷിക്കണമെന്നും ഭാഗവത് പറഞ്ഞു. നാഗ്പുരിൽ സംഘടിപ്പിച്ച ‘ദീപാവലി മിലൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ദീപാവലി പടക്കങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കീടങ്ങളെ നിയന്ത്രിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് മുൻകാലങ്ങളിൽ പടക്കങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും അന്ന് ഇത്തരം ആവശ്യങ്ങൾക്കായി മറ്റ് മാർഗങ്ങൾ ലഭ്യമായിരുന്നില്ലെന്നും ഭാഗവത് വിശദീകരിച്ചു. ദീപാവലി ദിനത്തിൽ നെയ്യും എണ്ണയും ഉപയോഗിച്ച് വിളക്കുകൾ തെളിക്കുന്നതിനും പ്രത്യേക ശാസ്ത്രീയ വശങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വിളക്കുകൾ തെളിക്കുമ്പോൾ അന്തരീക്ഷത്തിൽ പ്രത്യേകതരം വായു രൂപപ്പെടുന്നുവെന്നും ഇത്തരം ആചാരങ്ങളെ വെറും മതപരമായ ചടങ്ങുകളായി മാത്രം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളുടെ പിന്നിലെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉചിതമായ രീതിയിൽ ആഘോഷിച്ചാൽ അത് മനുഷ്യർക്കും പരിസ്ഥിതിക്കും ഗുണകരമാകുമെന്നാണ് ഭാഗവതിന്റെ നിലപാട്. ആഘോഷങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനും കൂട്ടായ്മയ്ക്കും അനിവാര്യമാണെന്നും എതിർപ്പുകൾ ഉയർന്നാലും അവ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുട്ടിനുമേൽ വെളിച്ചം നേടിയ വിജയത്തിന്റെ പ്രതീകമായാണ് ദീപാവലിയെ ഭാഗവത് വിശേഷിപ്പിച്ചത്. അറിവിന്റെ വെളിച്ചം പകരുന്നതിനും ഐക്യവും സൗഹാർദവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കുന്നതിനും ആഘോഷം പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അതിർത്തികൾക്കപ്പുറവും ദീപാവലിക്ക് അംഗീകാരം വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും ബ്രിട്ടനിലെയും പാർലമെന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ദീപാവലിയെ അംഗീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള വിദേശരാജ്യങ്ങളിൽ ആഘോഷദിനത്തിൽ ആശംസകൾ കൈമാറുന്ന പ്രവണത വർധിക്കുകയാണെന്നും ഭാഗവത് വ്യക്തമാക്കി.
