അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി ഹൻസിക കൃഷ്ണ. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും വളർന്നതിനുശേഷമുള്ള തന്റെ ആദ്യ ചിത്രമാണിതെന്ന് ഹൻസിക പറഞ്ഞു. ചിത്രത്തിൽ നസ്ലെന്റെ നായികയായാണ് താരം എത്തുന്നത്.
2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ‘ബാച്ചിലർ പാർട്ടി’യുടെ സ്പിരിച്വൽ സീക്വലായാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്ലെൻ, ചന്തു സലിംകുമാർ, ലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നവംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ഹൻസിക തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്. അമൽ നീരദിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും ആവേശവുമുണ്ടെന്ന് താരം പറഞ്ഞു. അവസരം നൽകിയതിന് സംവിധായകൻ അമൽ നീരദിനോടും ജ്യോതിർമയിയോടും ഹൻസിക നന്ദി അറിയിച്ചു.
അഞ്ചുമാസം മുമ്പാണ് ഹൻസിക ബിരുദപഠനം പൂർത്തിയാക്കിയത്. പഠനത്തിനുശേഷം ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതും സന്തോഷം നൽകിയ അനുഭവമാണെന്ന് താരം പറഞ്ഞു. സിനിമയുടെ സെറ്റിൽ എല്ലാവരും നല്ല സൗഹൃദാന്തരീക്ഷത്തിലായിരുന്നുവെന്നും പ്രായവ്യത്യാസം ഒരിക്കലും അനുഭവപ്പെട്ടില്ലെന്നും ഹൻസിക കൂട്ടിച്ചേർത്തു.
നവംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ എല്ലാവരും സിനിമ കണ്ട് പിന്തുണയ്ക്കണമെന്നും താരം അഭ്യർഥിച്ചു.
