സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുള്ള നിരോധനമാണ് പുതുക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
2021 നവംബർ 15നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎയിലെ സെക്ഷൻ 3(1) പ്രകാരം ഐആർഎഫിനെ കേന്ദ്ര സർക്കാർ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. നിലവിലെ നിരോധനത്തിന്റെ കാലാവധി 2026 നവംബർ 14ന് അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെടുന്നുവെന്നും സമാധാനവും സാമുദായിക സൗഹാർദവും തകർക്കാൻ സാധ്യതയുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നുമാണ് കേന്ദ്രത്തിന്റെ ആരോപണം. മതത്തിന്റെ പേരിൽ വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്താൻ സാക്കിർ നായിക്കും സംഘടനയിലെ അംഗങ്ങളും ശ്രമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.
സാക്കിർ നായിക്കിന്റെ വിവാദ പ്രസംഗങ്ങളും പ്രസ്താവനകളും നിരോധനം നീട്ടുന്നതിനുള്ള പ്രധാന കാരണങ്ങളായി കേന്ദ്രം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ടെലിവിഷൻ ശൃംഖലകൾ, ഇന്റർനെറ്റ്, അച്ചടി-സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അദ്ദേഹം തീവ്രവാദ സ്വഭാവമുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുവെന്നും മന്ത്രാലയം ആരോപിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഒളിവിലുള്ള പ്രവർത്തകരെ വീണ്ടും സംഘടിപ്പിച്ച് രാജ്യത്തിന്റെ മതേതര ഘടനയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
