കേരളത്തിൽ വൈദ്യുതിക്ക് ആവശ്യകതയുണ്ടെന്നും ദീർഘകാലത്തേക്ക് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വൈദ്യുതി ബോർഡ് സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ആവശ്യമാണെന്ന കാര്യം കെ.എസ്.ഇ.ബി ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ജിഎൻഎയുമായുള്ള വൈദ്യുതി കരാർ ഇനി തുടരില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കരാർ നടപ്പാക്കുന്നതിലെ പ്രയാസങ്ങൾ കെ.എസ്.ഇ.ബി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
