സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് അയ്യൻകൊല്ലി സ്വദേശിനിയും നഴ്സുമായ ഫിലോമിനയെ വിട്ടയച്ചു. റിയാദിൽ വെച്ചാണ് ഇവരെ മോചിപ്പിച്ചത്.
ഒക്ടോബർ 10ന് നാട്ടിൽനിന്ന് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് റിയാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ ഫിലോമിനയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു.
ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ഫിലോമിനയുടെ പാസ്പോർട്ടും മറ്റ് രേഖകളും അധികൃതർ പിടിച്ചുവെച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പൊലീസ് കസ്റ്റഡിയിലാണെന്ന് വ്യക്തമായത്.
ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകൾക്ക് സൗദി അറേബ്യയിൽ നിരോധനമോ നിയന്ത്രണമോ ഉള്ളതിനാൽ, ഇതറിയാതെ മരുന്നുകളുമായി രാജ്യത്തെത്തുന്നവർ നിയമനടപടികൾ നേരിടാറുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ കൈവശമുള്ള മരുന്നുകൾക്ക് ആവശ്യമായ അനുമതിയും രേഖകളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
