അരിയിൽ ഷുക്കൂർ വധക്കേസിൽ തനിക്കെതിരെയും ടി.വി. രാജേഷിനെതിരെയും കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗും അന്നത്തെ യുഡിഎഫ് സർക്കാരും പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2012ൽ അരിയിൽ പ്രദേശത്ത് ലീഗ് പ്രവർത്തകരുടെ ആക്രമണങ്ങൾ തുടർന്നിരുന്ന സാഹചര്യത്തിലാണ് താനും ടി.വി. രാജേഷും അവിടെയെത്തിയത്. ഇതിനിടെ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തങ്ങൾ ആശുപത്രിയിൽ കഴിയുമ്പോഴാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
