തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് നടി ശ്രീലീല വിട്ടുനിൽക്കുകയാണെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി താരം. ടോളിവുഡിൽ നിന്ന് അകന്നിട്ടില്ലെന്നും മെഡിക്കൽ പഠനവും ഇന്റേൺഷിപ്പുമാണ് പുതിയ സിനിമകൾ ഏറ്റെടുക്കുന്നതിന് തടസ്സമായതെന്നും ശ്രീലീല വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന ‘ഓം’ (ഒ.എം: ഓപ്പറേഷൻ മോൾ) എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.
എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം നിർബന്ധമായ രണ്ട് വർഷത്തെ മെഡിക്കൽ ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ടെന്ന് ശ്രീലീല പറഞ്ഞു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഡി.വൈ. പാട്ടീൽ സർവകലാശാലയിൽ നേരിട്ട് ഹാജരാകേണ്ടി വന്നതിനാൽ സിനിമാ ചിത്രീകരണത്തിനായി സമയം കണ്ടെത്താൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ‘ഓം’ എന്ന ചിത്രത്തിൽ മാത്രമാണ് കരാറൊപ്പിട്ടതെന്നും മെഡിക്കൽ പഠനമല്ലാതെ തെലുങ്ക് സിനിമയിൽ നിന്ന് മാറിനിൽക്കാൻ മറ്റൊരു കാരണവുമില്ലെന്നും താരം വ്യക്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും ലഭിച്ച അവസരങ്ങൾ സ്വീകരിച്ചാണ് മുന്നോട്ടുപോയതെന്നും ശ്രീലീല പറഞ്ഞു. എന്നാൽ ഏതാനും സിനിമകൾക്ക് ശേഷം തിരഞ്ഞെടുപ്പുകളിലെ പിഴവുകൾ തിരിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ പക്വതയും വ്യക്തമായ കാഴ്ചപ്പാടുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ‘ഓം’ നവംബർ 20ന് തിയേറ്ററുകളിലെത്തും. മെഡിക്കൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി കൂടുതൽ സിനിമകളുമായി സജീവമാകാനുള്ള ഒരുക്കത്തിലാണ് ശ്രീലീല.
