കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോങ്ങിംഗ്’ൽ ബൊഫോഴ്സ് അഴിമതിയെക്കുറിച്ച് പരാമർശിക്കാത്തതിനെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യൻ. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിവാദ വ്യവസായി ഒട്ടാവിയോ ക്വാട്രോച്ചിയുടെ പങ്കിനെക്കുറിച്ച് പുസ്തകത്തിൽ സോണിയ മൗനം പാലിച്ചുവെന്നാണ് ചിത്രയുടെ വിമർശനം.
ബൊഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചുവെന്നോ കോൺഗ്രസ് നേതൃത്വത്തിന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നോ സോണിയയുടെ ഓർമ്മക്കുറിപ്പുകളെ വ്യാഖ്യാനിക്കാനാവില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്ര വ്യക്തമാക്കി. ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കാതെ വിവാദം അവസാനിച്ചുവെന്ന് അവകാശപ്പെടുന്നവരെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.
പ്രതിരോധ മേഖലയിലോ ആയുധ വ്യാപാരത്തിലോ മുൻപരിചയമില്ലാതിരുന്ന ക്വാട്രോച്ചി എങ്ങനെയാണ് ബൊഫോഴ്സ് ഇടപാടിൽ നിർണായക സ്വാധീനം നേടിയതെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണെന്ന് ചിത്ര ചൂണ്ടിക്കാട്ടി. പെട്രോകെമിക്കൽ, വളം മേഖലകളുമായി ബന്ധമുണ്ടായിരുന്ന ക്വാട്രോച്ചി എങ്ങനെയാണ് ആയുധ ഇടപാടിലേക്ക് എത്തിയത് എന്നതിലും വ്യക്തതയില്ലെന്ന് അവർ ആരോപിച്ചു.
ക്വാട്രോച്ചിയുമായുള്ള വ്യക്തിപരമായ പരിചയവും ചിത്ര അഭിമുഖത്തിൽ പങ്കുവെച്ചു. വളം വ്യവസായത്തിൽ ജോലി ചെയ്തിരുന്ന തന്റെ പിതാവിന്റെ പരിചയത്തിലൂടെയാണ് ഡൽഹിയിലെ ക്വാട്രോച്ചിയുടെ വീട്ടിൽ അത്താഴത്തിന് പോയിരുന്നതെന്ന് അവർ പറഞ്ഞു. ഗാന്ധി കുടുംബവുമായി ക്വാട്രോച്ചിക്കുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്നും ചിത്ര അവകാശപ്പെട്ടു.
1986 ജനുവരിയിൽ ക്വാട്രോച്ചിയുടെ കമ്പനി സ്വീഡിഷ് ആയുധ നിർമാതാക്കളായ ബൊഫോഴ്സുമായി ബന്ധപ്പെട്ടിരുന്നുവെന്നും മാർച്ചിലാണ് ഇന്ത്യയുമായുള്ള പീരങ്കി ഇടപാട് അന്തിമമായതെന്നും ചിത്ര ചൂണ്ടിക്കാട്ടി. ഇന്ത്യൻ കരാർ ഉറപ്പാക്കാൻ സഹായിച്ചതിന് ക്വാട്രോച്ചി വലിയ തുക കമ്മീഷനായി കൈപ്പറ്റിയെന്ന ആരോപണവും അവർ ആവർത്തിച്ചു.
ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിനെയും സ്വീഡിഷ് അന്വേഷണത്തെയും ഒരേ നിലയിൽ കാണാനാവില്ലെന്നും ജെപിസി റിപ്പോർട്ട് കേസിലെ അവസാന വാക്കല്ലെന്നും ചിത്ര പറഞ്ഞു. തന്റെ പ്രധാന സ്രോതസ്സുകളിലൊരാളായ മുൻ സ്വീഡിഷ് പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റെൻ ലിൻഡ്സ്ട്രോമിന്റെ വെളിപ്പെടുത്തലുകൾ ഉദ്ധരിച്ച അവർ, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി വിവരങ്ങൾ പങ്കുവെക്കാൻ സ്വീഡിഷ് ഉദ്യോഗസ്ഥർ താൽപര്യപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കി.
രാഷ്ട്രീയ സമ്മർദങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഇന്ത്യയിലെ അന്വേഷണത്തെ ബാധിച്ചുവെന്നും സി.ബി.ഐ അന്വേഷണത്തിന്റെ പുരോഗതി തൃപ്തികരമായിരുന്നില്ലെന്നും ചിത്ര ആരോപിച്ചു. നടൻ അമിതാഭ് ബച്ചന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് യഥാർഥ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
ബൊഫോഴ്സ് വിവാദം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ചിത്രയുടെ നിലപാട്. ഭാവിയിൽ രഹസ്യരേഖകൾ പുറത്തുവരികയും സംഭവവുമായി ബന്ധപ്പെട്ടവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്താൽ ഇതുവരെ പുറത്തുവരാത്ത പല പേരുകളും വെളിച്ചത്തുവന്നേക്കാമെന്നും അവർ പറഞ്ഞു.
1986ൽ ഇന്ത്യൻ സൈന്യത്തിനായി 155 എം.എം ഹോവിറ്റ്സറുകൾ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സുമായി ഉണ്ടാക്കിയ കരാറാണ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ദീർഘകാല അന്വേഷണങ്ങൾ നടന്നെങ്കിലും കൈക്കൂലി ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടാത്തതിനാൽ കേസിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
