അത് ഞങ്ങളല്ല; കുവൈറ്റ് ആക്രമണത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ ഇറാൻ വിരൽ ചൂണ്ടുന്നു

കുവൈറ്റിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്തം നിഷേധിച്ച് ഇറാൻ. ആക്രമണം അമേരിക്കയുടെയോ ഇസ്രായേലിന്റെയോ വ്യാജ നീക്കമായിരിക്കാമെന്നാണ് ഇറാന്റെ ആരോപണം. സംഭവദിവസം മേഖലയിൽ ഇറാൻ സൈനിക നടപടികളൊന്നും നടത്തിയിട്ടില്ലെന്ന് സായുധസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫാസൽ ഷെകാർച്ചി വ്യക്തമാക്കി.

കുവൈറ്റ് സൈന്യം പ്രവർത്തിപ്പിക്കുന്ന സ്കൈഗാർഡ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആന്റിനകൾ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന റെയിൻമെറ്റാൽ ഇറ്റാലിയയിലെ രണ്ട് സിവിലിയൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു കുവൈറ്റ് പൗരനും പാകിസ്ഥാൻ പൗരനും പരിക്കേറ്റതായും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ ഇറാനെ കുറ്റപ്പെടുത്തി ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തി. ആക്രമണം അതീവ അപകടകരവും അംഗീകരിക്കാനാകാത്തതുമായ നടപടിയാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പ്രതികരിച്ചു. ഇറാനിയൻ എംബസിയിൽ ഔദ്യോഗിക പ്രതിഷേധം അറിയിക്കുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ അമേരിക്കയുടെ ഇറാൻ യുദ്ധത്തിൽ പങ്കാളികളല്ലെന്നും മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ വ്യാജ പതാക ആക്രമണങ്ങൾ നടത്തി മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ പ്രദേശങ്ങൾ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.

മറുപടി രേഖപ്പെടുത്തുക