ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ ഏറ്റവും പ്രീമിയം ലിമിറ്റഡ് എഡിഷൻ മോഡലായ ഡ്യുക്കാട്ടി പാനിഗേൽ V4 ലംബോർഗിനി ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സൂപ്പർബൈക്കിന്റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആദ്യ യൂണിറ്റ് മുംബൈയിൽ കൈമാറിയതായും കമ്പനി അറിയിച്ചു.
ലോകമെമ്പാടും 630 യൂണിറ്റുകൾ മാത്രമാണ് ഡ്യുക്കാട്ടി പാനിഗേൽ V4 ലംബോർഗിനി നിർമ്മിക്കുന്നത്. അതിനാൽ ഇന്ത്യയിലെ ഏറ്റവും അപൂർവ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകളിൽ ഒന്നായിരിക്കും ഈ മോഡൽ. ഇതിനുപുറമെ, ‘സ്പെഷ്യൽ ക്ലയന്റ്’ എന്ന പേരിൽ കൂടുതൽ എക്സ്ക്ലൂസീവ് പതിപ്പും ഡ്യുക്കാട്ടി അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ 63 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കൂ. ലംബോർഗിനി കാർ ഉടമകൾക്കായി മാത്രം ഒരുക്കുന്ന ഈ പതിപ്പിൽ, സ്വന്തമായുള്ള കാറിന്റെ നിറത്തിന് അനുസരിച്ച് ബൈക്ക് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ലംബോർഗിനിയുടെ ഫ്ലാഗ്ഷിപ്പ് ഹൈബ്രിഡ് സൂപ്പർകാറായ റെവൽറ്റോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാനിഗേൽ V4 ലംബോർഗിനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്യുക്കാട്ടിയും ലംബോർഗിനിയും ചേർന്ന് അവതരിപ്പിക്കുന്ന മൂന്നാമത്തെ സഹകരണ മോഡലാണിത്. ഇതിനുമുമ്പ് സ്ട്രീറ്റ്ഫൈറ്റർ V4 ലംബോർഗിനിയും ഡയവൽ 1260 ലംബോർഗിനിയും പുറത്തിറക്കിയിരുന്നു.
ഡ്യുക്കാട്ടി സെൻട്രോ സ്റ്റൈലും ലംബോർഗിനി സെൻട്രോ സ്റ്റൈലും ചേർന്നാണ് ബൈക്കിന്റെ ഡിസൈൻ വികസിപ്പിച്ചത്. വെർഡെ സ്കാൻഡൽ, ഗ്രിജിയോ ടെലിസ്റ്റോ, ഗ്രിജിയോ അച്ചേസോ എന്നീ പ്രത്യേക കളർ ആക്സന്റുകൾക്കൊപ്പം എക്സ്പോസ്ഡ് കാർബൺ ഫൈബർ ഫിനിഷും ബൈക്കിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഫെയറിംഗ്, മഡ്ഗാർഡുകൾ, ഹീൽ ഗാർഡുകൾ, ടാങ്ക് പ്രൊട്ടക്ഷൻ, റേഡിയേറ്റർ ഡക്റ്റ് തുടങ്ങി നിരവധി ഭാഗങ്ങളിൽ കാർബൺ ഫൈബർ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ഭാരം കുറയ്ക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തതായി ഡ്യുക്കാട്ടി അവകാശപ്പെടുന്നു.
1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡെയ്ൽ V4 എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ഡ്രൈ ക്ലച്ചും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വെറും 185 കിലോഗ്രാം ഭാരമുള്ള ഈ മോഡൽ പാനിഗേൽ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ ബൈക്കാണെന്നും കമ്പനി വ്യക്തമാക്കി.
