മാധ്യമരംഗത്ത് പോലീസ് തേർവാഴ്ച; ശക്തമായ ഇടപെടലുമായി ഡിജിറ്റൽ മീഡിയ അസോസിയേഷൻ

Yedu Narayanan

കൊച്ചി: ‘ദി ജേർണലിസ്റ്റ്’ ഓൺലൈൻ വാർത്താ ചാനൽ ചീഫ് എഡിറ്റർ യദു നാരായണനെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാൻ നടത്തിയ കണ്ണൂർ പോലീസിന്റെ നീക്കത്തിന് തടയിട്ട് ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA).

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ കണ്ണൂർ ടൗൺ പോലീസിന്റെ നേതൃത്വത്തിൽ മൂന്നോളം പോലീസുകാർ അതിരാവിലെ യദുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ DMA ഭാരവാഹികൾ ഇടപെടുകയും പോലീസിന്റെ തുടർനടപടികൾക്ക് വിരാമമിടുകയും ചെയ്തു.

DMA സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ കണ്ണൂർ എസ്.പിയുമായി നടത്തിയ സംഭാഷണത്തിൽ, നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചയിൽ എസ്.പി സംഘടനയോട് ഖേദം പ്രകടിപ്പിച്ചു. നിലവിൽ ഓൺലൈൻ മാധ്യമരംഗം ശക്തമായി സംഘടിതമാണെന്നും മാധ്യമപ്രവർത്തകർക്കെതിരെ ഇനിയൊരു പോലീസ് അതിക്രമവും അനുവദിക്കില്ലെന്നും DMA ഭാരവാഹികൾ വ്യക്തമാക്കി.

കോടതി നിർദ്ദേശങ്ങളെപ്പോലും മാനിക്കാതെ, സംസ്ഥാന ആഭ്യന്തരവകുപ്പിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിച്ചതെന്ന് സംഘടന ആരോപിച്ചു. സ്റ്റേഷൻ ജാമ്യം മാത്രം നൽകേണ്ട ഒരു കേസിൽ, കൊടുംകുറ്റവാളിയോട് പെരുമാറുന്നതുപോലെയാണ് മൂന്ന് മണിക്കൂറോളം യദുവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചത്.

കൂടാതെ, നോട്ടീസോ സെർച്ച് വാറണ്ടോ ഇല്ലാതെ ‘ദി ജേർണലിസ്റ്റിന്റെ’ ഓഫീസിലേക്ക് പോലീസ് നടത്തിയ കടന്നുകയറ്റം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ മണിക്കൂറുകളോളം തടസ്സപ്പെടുത്തി. നിലവിൽ DMA-യുടെ സംസ്ഥാന മീഡിയ കോർഡിനേറ്ററാണ് യദു നാരായണൻ.

വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രത്യേകം നിവേദനങ്ങൾ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ അറിയിച്ചു. DMA പ്രവർത്തകർക്കൊപ്പം ജനറൽ സെക്രട്ടറി പി.ആർ. സോംദേവ്, സംസ്ഥാന ലീഗൽ കോർഡിനേറ്റർ സിബി തോമസ്, ട്രഷറർ എസ്. രോഹിത് തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക