ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടു; ഇറാനെതിരേ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ്

ഇറാനെതിരേ വാരാന്ത്യത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും നടത്തിയ അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, ചർച്ചയിലുള്ള കരാർ വേഗത്തിൽ അന്തിമരൂപം കൈക്കൊണ്ടാൽ മാത്രമേ ആക്രമണങ്ങൾ നിർത്തിവയ്ക്കുന്ന നിലപാട് തുടരുകയുള്ളുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതുമാണ് കരാറിന്റെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

“കരാറിന്റെ അടിസ്ഥാനപരമായ വ്യവസ്ഥകൾ അംഗീകരിച്ചതിനാൽ സൈനിക നടപടി ഒഴിവാക്കണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടു. ലോകത്തിന്റെ താൽപര്യം പരിഗണിച്ച് ആ അഭ്യർത്ഥന അംഗീകരിക്കുകയാണ്,” ട്രംപ് കുറിച്ചു.

കഴിഞ്ഞ അഞ്ച് മാസമായി മേഖലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ അമേരിക്കയുമായി സഹകരിക്കാൻ ഇസ്രായേൽ തയാറായിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഇസ്രായേൽ സർക്കാരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും സൈനിക നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരായ പുതിയ ആക്രമണ ഭീഷണി യാഥാർഥ്യമായാൽ അതിന് നിർണായകമായ മറുപടി നൽകുമെന്ന് ടെഹ്‌റാൻ വ്യക്തമാക്കി.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഫോണിൽ ചർച്ച നടത്തി. അമേരിക്കയുടെ നടപടികൾ പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയാണ് ചർച്ചകളിൽ ഉയർന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ, ഇറാനിൽ നിന്ന് വിക്ഷേപിച്ചതായി സംശയിക്കുന്ന നിരവധി ഡ്രോണുകൾ തങ്ങളുടെ വ്യോമപരിധിയിൽ തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ ട്രംപിന്റെ പുതിയ പ്രഖ്യാപനം മേഖലയിലെ നയതന്ത്ര നീക്കങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക