ഐആർസിടിസി വഴി ഓൺലൈനായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജ ബുക്കിംഗുകൾ തടയുന്നതിനും ടിക്കറ്റ് ഏജന്റുമാരുടെ അനാവശ്യ ഇടപെടലുകൾ കുറയ്ക്കുന്നതിനുമാണ് റെയിൽവേ ഈ സംവിധാനം നടപ്പാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. തൃശ്ശൂർ സ്വദേശി ബഹദൂർ ഷാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വിധി.
അതേസമയം, ആധാറിന് പകരമായി പാൻ കാർഡ് ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതയും റെയിൽവേ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ, കൗണ്ടറുകൾ വഴി ഓഫ്‌ലൈനായി ടിക്കറ്റ് എടുക്കുന്ന സാധാരണ യാത്രക്കാർക്ക് ആധാർ നിർബന്ധമാക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഓൺലൈൻ തത്കാൽ ബുക്കിംഗ് സംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ആധാർ ഒടിപി പരിശോധന നിർബന്ധമാക്കിയതെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
