ഹോർമുസിൽ അമേരിക്കയ്ക്ക് ഞെട്ടൽ; അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപയോഗിച്ചിരുന്ന ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ നാവികസേനയുടെ അവകാശവാദം. സങ്കീർണമായ നിരീക്ഷണ ഓപ്പറേഷനിലൂടെയാണ് ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം.

ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ ഔദ്യോഗിക മാധ്യമമായ ‘സെപാ ന്യൂസ്’ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത ആളില്ലാ വാഹനത്തിന്റെ പേര് ‘ഡൈവ്-എൽഡി’ (Dive-LD) എന്നാണ് ഇറാൻ വ്യക്തമാക്കിയത്. വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ ശേഷിയുള്ള അത്യാധുനിക ആളില്ലാ അന്തർവാഹിനിയാണിതെന്നും ഇറാൻ അവകാശപ്പെട്ടു. പിടിച്ചെടുത്ത വാഹനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ഇതോടെ കടലിലും ആകാശത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ ഇറാന്റെ അവകാശവാദത്തോട് പ്രതികരിച്ച യുഎസ് സൈന്യം തങ്ങളുടെ ഒരു അണ്ടർവാട്ടർ ഡ്രോൺ പ്രവർത്തനം നിർത്തിയതായി സ്ഥിരീകരിച്ചു. പ്രാദേശിക ജലാശയങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഡ്രോണിന് സാങ്കേതിക പ്രശ്നമുണ്ടായതെന്ന് പെന്റഗൺ വക്താവ് വ്യക്തമാക്കി.

എന്നാൽ ഇറാൻ പിടിച്ചെടുത്തതായി പറയുന്ന ‘ഡൈവ്-എൽഡി’ തന്നെയാണോ യുഎസ് സൈന്യത്തിന് നഷ്ടമായത് എന്ന കാര്യത്തിൽ അമേരിക്ക വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. നഷ്ടപ്പെട്ട ഉപകരണം പഴയ മോഡലാണെന്നും പ്രധാനപ്പെട്ട വിവരങ്ങളൊന്നും അതിൽ ശേഖരിച്ചിരുന്നില്ലെന്നും യുഎസ് വ്യക്തമാക്കി. രഹസ്യ സോണാർ, റഡാർ സംവിധാനങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ലെന്നും അമേരിക്ക അവകാശപ്പെട്ടു.

‘ഡൈവ്-എൽഡി’യ്ക്ക് ബേസിലേക്ക് മടങ്ങാതെ ഏകദേശം പത്ത് ദിവസം വരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 6,000 മീറ്റർ ആഴത്തിൽ പ്രവർത്തിക്കാൻ ഇതിന് ശേഷിയുണ്ടെന്നും യുഎസ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നു. ഓരോ വാഹനത്തിന്റെയും വില ഏകദേശം 21 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇറാനെതിരായ യുഎസ് സൈനിക നടപടികളും തുടരുകയാണ്. ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായി അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി 27 ഇറാനിയൻ വിമാനക്കമ്പനികളെ പ്രത്യേക ഉപരോധ പട്ടികയിലും ഉൾപ്പെടുത്തി.

യുഎസ് ആക്രമണങ്ങളോട് ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്കിയാൻ ശക്തമായി പ്രതികരിച്ചു. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിനെതിരായ ആക്രമണങ്ങൾ തുടർന്നാൽ കൂടുതൽ ശക്തമായി പ്രതിരോധിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും നിരീക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ആളില്ലാ അന്തർവാഹിനി പിടിച്ചെന്ന ഇറാന്റെ അവകാശവാദം പുതിയ സൈനിക ഏറ്റുമുട്ടലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക