കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി ജമാഅത്തെ ഇസ്ലാമിയും പാളയം ഇമാമും

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിൽ വിയോജിപ്പ് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. കാന്തപുരത്തിന്റെ നിലപാടിനോട് മുസ്‌ലിം സമുദായത്തിനകത്ത് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ പറഞ്ഞു.

കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അനാവശ്യമായ ചർച്ചകളാണ് ഇതിന്റെ പേരിൽ ഉയരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇസ്‌ലാമോഫോബിയ വളർത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മുജീബുറഹ്‌മാൻ വ്യക്തമാക്കി.

അതേസമയം, കാന്തപുരത്തിന്റെ നിലപാടിനെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും രംഗത്തെത്തി. ഇസ്‌ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ ഒരിടത്തും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഇസ്‌ലാം തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണത്തിൽ പാളയം ഇമാം വ്യക്തമാക്കി. സ്ത്രീകൾക്ക് ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും അവരുടെ സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതിക വ്യാഖ്യാനങ്ങൾ ചൂണ്ടിക്കാട്ടുന്നതുപോലെ പരിമിതപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക