ഫെബ്രുവരിയോടെ ഇന്ത്യ പൂർണമായും ഡിജിറ്റൽ, തടസ്സരഹിതമായ ഹൈവേ ടോളിങ് സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വാഹനമോടിക്കുന്നവർ ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ടോൾ അടയ്ക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ് ടാഗിനൊപ്പം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള സംവിധാനമാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിലൂടെ ടോൾ പിരിവിൽ പ്രതിവർഷം 10,000 കോടി രൂപയുടെ വർധനയുണ്ടാകുമെന്നും ഗഡ്കരി വ്യക്തമാക്കി.
ഫാസ്റ്റ് ടാഗ് നിലവിൽ വന്നതോടെ ടോൾ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 80–90 ശതമാനം കുറഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന കാലതാമസം കൂടി ഒഴിവാക്കുന്നതിനാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
2016ൽ ആരംഭിച്ച ഫാസ്റ്റ് ടാഗ് സംവിധാനം 2021ൽ നിർബന്ധമാക്കിയതോടെ ദേശീയപാതകളിലെ പണരഹിത ടോൾ പിരിവ് വ്യാപകമായി. റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങൾ കടന്നുപോകുമ്പോൾ ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വയമേവ ഈടാക്കുന്നതാണ് ഫാസ്റ്റ് ടാഗ് സംവിധാനം.
