രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടും; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക വേദിയിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. എന്നാൽ, ഇഡി വിഷയത്തിൽ ഇടപെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കിയെന്നാണ് പിണറായി വിജയന്റെ ആരോപണം. ഇഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ പറയണമെന്ന് ആവശ്യപ്പെട്ട് മാപ്പുസാക്ഷികളിൽ നിന്ന് സ്റ്റേറ്റ്മെന്റുകൾ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സ്റ്റേറ്റ്മെന്റുകൾ വലിയ തെളിവായി അവതരിപ്പിച്ചാണ് സിപിഐഎമ്മിനെ പ്രതിയാക്കിയതെന്നും പിണറായി ആരോപിച്ചു. ഇതിന്റെ ഭാഗമായി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി ചുമതലയേറ്റവരെയെല്ലാം പ്രതികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകളിൽ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ അന്വേഷണത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ ലക്ഷ്യമിടുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നുമാണ് പിണറായി വിജയന്റെ വാക്കുകളുടെ ഉള്ളടക്കം.

മറുപടി രേഖപ്പെടുത്തുക