പാകിസ്ഥാൻ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ രൂക്ഷ വിമർശനവുമായി ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം അക്രം. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാൻ 3-0ന് വൈറ്റ്വാഷ് ചെയ്യപ്പെട്ടാലും താൻ അത്ഭുതപ്പെടില്ലെന്ന് അക്രം പറഞ്ഞു. എഡ്ജ്ബാസ്റ്റണിൽ അവസാന ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിമർശനം.
പരമ്പര ആരംഭിക്കുന്നതിന് മുമ്പുതന്നെ പാകിസ്ഥാൻ 3-0ന് തോൽക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അക്രം പറഞ്ഞത്. ടീമിന്റെ ബാറ്റിങ് തകരുകയാണെന്നും ബൗളിങ് ശരാശരിയിലും താഴെയാണെന്നും ഫീൽഡിങ് വളരെ മോശമാണെന്നും അദ്ദേഹം തുറന്നടിച്ചു.
പാകിസ്ഥാൻ ക്രിക്കറ്റിലെ നിലവിലെ അവസ്ഥ മനസിലാക്കാൻ വലിയ വിദഗ്ധനാകേണ്ട ആവശ്യമില്ലെന്നും അക്രം വിമർശിച്ചു. ടീമിന്റെ തുടർച്ചയായ മോശം പ്രകടനത്തിൽ പൂർണ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, തോൽവിയുടെ ഉത്തരവാദിത്വം കളിക്കാരിലോ ക്രിക്കറ്റ് ബോർഡിലോ മാത്രം ചുമത്താനാകില്ലെന്നും വ്യക്തമാക്കി.
‘പ്രശ്നങ്ങൾ വളരെ ആഴത്തിൽ’
പാകിസ്ഥാൻ ക്രിക്കറ്റിന്റെ മൊത്തം സംവിധാനമാണ് പരാജയപ്പെട്ടതെന്നാണ് അക്രത്തിന്റെ വിലയിരുത്തൽ. നിലവിലെ ടീമിലെ കളിക്കാർ മികച്ച താരങ്ങളാണെന്നും രാജ്യത്ത് അവരെക്കാൾ മികച്ച താരങ്ങൾ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഗ്രാസ്റൂട്ട് തലത്തിൽ കൃത്യമായ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും അക്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഘടന താറുമാറായെന്നും സ്ഥിരതയും ക്ഷമയും സംവിധാനത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാൻ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും, എന്നാൽ നിലവിലെ പ്രശ്നങ്ങൾ ഒരാൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയാത്തത്ര ആഴത്തിൽ വേരൂന്നിയതാണെന്നും അക്രം പറഞ്ഞു.
തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ആരാധകരും ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റ് സംവിധാനത്തെ പലതവണ അഴിച്ചുപണിയാൻ ശ്രമിച്ചിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും അക്രം അഭിപ്രായപ്പെട്ടു.
ഇതിനിടെയാണ് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ പാകിസ്ഥാൻ നിരവധി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത്. തുടർച്ചയായ തിരിച്ചടികൾക്കിടെ പുതിയ താരങ്ങളിലൂടെ ടീമിന് തിരിച്ചുവരാനാകുമോയെന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
