കേരളത്തിന് നഷ്ടമുണ്ടാകില്ല; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽവേയുടെ തീരുമാനം ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്നും ഇതിലൂടെ കേരളത്തിന് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിൽ വീഴ്ചയോ വേഗക്കുറവോ ഉണ്ടാകാൻ പാടില്ലെന്നതാണ് ബിജെപിയുടെ നിലപാടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നേരത്തെ വിശദീകരണം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയുമായി ചേർന്ന് അടുത്ത മൂന്ന് വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മംഗളൂരു നിലവിൽ മൂന്ന് റെയിൽവേ ഡിവിഷനുകളുടെ ഭാഗമാണെന്നും റെയിൽവേ ദേശീയതലത്തിലുള്ള സംവിധാനമായതിനാൽ ഭരണപരമായ പുനഃസംഘടന സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മംഗളൂരുവിനെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കുന്നതിൽ എന്താണ് പ്രശ്നമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

പാലക്കാട് ഡിവിഷൻ വിഭജനം ഉയർത്തിക്കാട്ടി പ്രതിപക്ഷം വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശനും കെ.സി. വേണുഗോപാലിനും ഇക്കാര്യത്തിൽ എന്താണ് പ്രശ്നമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു.

നൂറുദിവസം പൂർത്തിയാക്കിയ യുഡിഎഫ് സർക്കാരിന് ചൂണ്ടിക്കാണിക്കാൻ കാര്യമായ നേട്ടങ്ങളില്ലാത്തതിനാലാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഷയമാക്കി മാറ്റുന്നതെന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക