‘ബിജെപി ബിഗ് സീറോ’; തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് ദേവൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. പാർട്ടിയുടെ പ്രവർത്തനശൈലിയിൽ കടുത്ത നിരാശയുണ്ടെന്നും ബിജെപി ‘ബിഗ് സീറോ’ ആണെന്നും ദേവൻ തുറന്നടിച്ചു. ബിജെപിയിൽ ചേർന്നതിലൂടെ തനിക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്നും ഈ നിരാശയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും ദേവൻ ആരോപിച്ചു. നേതാക്കൾ സ്വയം പ്രവർത്തിക്കുന്നില്ലെന്നും മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ പരിപാടികളിലേക്ക് പോലും തന്നെ വിളിക്കാറില്ലായിരുന്നുവെന്നും ദേവൻ വ്യക്തമാക്കി.

വാടാനപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതുമായി ബന്ധപ്പെട്ട വിവാദത്തിലും ദേവൻ വിശദീകരണം നൽകി. സ്ഥാനാർഥിയുടെ അഭ്യർഥന പ്രകാരമാണ് താൻ അവിടെ എത്തിയതെന്നും പ്രാദേശിക ബിജെപി നേതാക്കളാണ് ഒരു പ്രവർത്തകന്റെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. അന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണം ടി.എൻ. പ്രതാപനാണെന്നും താൻ പണത്തിന് വേണ്ടിയാണ് പ്രചാരണത്തിന് പോയതെന്ന പ്രചാരണം പൂർണമായും തെറ്റാണെന്നും ദേവൻ വ്യക്തമാക്കി.

സാമ്പത്തിക കാര്യങ്ങളിൽ തനിക്ക് ഇനിയും പലതും പറയാനുണ്ടെന്നും അത് പിന്നീട് വെളിപ്പെടുത്തുമെന്നും ദേവൻ പറഞ്ഞു. ഇക്കാര്യത്തിൽ തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അതേസമയം, രാഷ്ട്രബോധവും രാഷ്ട്രീയബോധവുമുള്ള താരങ്ങൾ മലയാള സിനിമയിൽ കുറവാണെന്നും അതിനാൽ കൂടുതൽ സിനിമാതാരങ്ങൾ ടിവികെയിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക