പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ജടായുപാറ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജടായുപാറയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ജടായുപാറയുടെ ശിൽപി രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയും തമ്മിൽ ഇതുസംബന്ധിച്ച് യോഗം ചേർന്നിരുന്നു.
ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രിയുടെ സന്ദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി ജടായുപാറയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയിൽനിന്ന് പത്മജ വേണുഗോപാൽ രാജിവെച്ച സംഭവത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജയെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും വിഷയത്തിൽ മറുപടി പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെവിട്ടത് സങ്കടകരമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രതികൾക്ക് ആ കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
