വിവാദമായ മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇരുവരും ഹാജരായത്. മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഇന്ന് കോടതിയിൽ ഹാജരായില്ല.
2022ൽ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. വയനാട്ടിൽനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നും മുറിച്ചുകൊണ്ടുവന്ന മരങ്ങൾ എറണാകുളത്ത് വിൽപ്പന നടത്തിയെന്നാണ് കേസ്. വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കരിമുകളിലെ ടിംബർ കമ്പനിക്ക് മരം വിറ്റുവെന്നാണ് ആരോപണം.
മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രാഥമിക കേസ് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ പ്രതികൾ തയ്യാറാകാതിരുന്നതോടെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
മരം വിൽപ്പനയിൽ വിശ്വാസവഞ്ചനയും വഞ്ചനയും നടന്നതായി ആരോപിച്ച് ടിംബർ കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
