തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിവാദമായ ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾക്ക് പിന്നാലെ നടി തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉദയനിധിയുടെ പരാമർശങ്ങൾക്ക് തൃഷ നേരിട്ട് മറുപടി നൽകിയിട്ടില്ലെങ്കിലും, തുടർച്ചയായി പങ്കുവെച്ച സന്ദേശങ്ങൾ പരോക്ഷ പ്രതികരണമാണെന്ന തരത്തിലാണ് ചർച്ചകൾ.
മുത്തശ്ശിയുടെ 98-ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് തൃഷ വിവിധ സന്ദേശങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. “ഈ പ്രായത്തിൽ നാടകങ്ങൾ ചെയ്യുന്നതിന്റെ അർത്ഥമെന്താണ്? സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കൂ, പണം സമ്പാദിക്കൂ, ശാന്തനായിരിക്കൂ” എന്ന സന്ദേശവും അവർ പങ്കുവെച്ചു.
“നീ ചെയ്യുന്നതെല്ലാം നിന്നിലേക്ക് തിരിച്ചുവരും. നല്ലവനായിരിക്കൂ, നല്ലത് ചെയ്യൂ”, “ഇനി മുതൽ എല്ലാം നിനക്ക് നന്നായി പോകുന്ന ഒരു അധ്യായം ആരംഭിച്ചു”, “റിസ്ക് എടുക്കുന്നവർ മാത്രമേ വിജയിക്കൂ” തുടങ്ങിയ സന്ദേശങ്ങളും തൃഷയുടെ പോസ്റ്റുകളിലുണ്ടായിരുന്നു. താൻ ഒരിക്കൽ ആഗ്രഹിച്ച ജീവിതം ഇപ്പോൾ സ്വന്തമായതിൽ സന്തോഷമുണ്ടെന്ന തരത്തിലുള്ള കുറിപ്പും അവർ പങ്കുവെച്ചു.
എന്നാൽ ഈ പോസ്റ്റുകളൊന്നും ഉദയനിധിയെ ഉദ്ദേശിച്ചുള്ളതാണെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല. അതേസമയം, കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ഉദയനിധി നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. തൃഷയുടെ പേര് ഉൾപ്പെടുത്തി മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് സംഭവം രാഷ്ട്രീയ ചർച്ചയായത്.
ഈ പശ്ചാത്തലത്തിലാണ് തൃഷയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്.
