തിരുവനന്തപുരം: നഗരമധ്യത്തിലെ മൃഗശാലയും മ്യൂസിയവും മാറ്റിസ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം നേതാവും മുൻ മേയറുമായ വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടക്കാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതിവർഷം 12 ലക്ഷത്തിലധികം സന്ദർശകരെത്തുകയും കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുകയും ചെയ്യുന്ന പൈതൃക കേന്ദ്രത്തെക്കുറിച്ചുള്ള തീരുമാനം പൊതുചർച്ചയോ കൂടിയാലോചനയോ ഇല്ലാതെയാണ് മുന്നോട്ടുവെച്ചതെന്ന് പ്രശാന്ത് വിമർശിച്ചു. മൃഗങ്ങളിൽ നിന്ന് രോഗം പകരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം യുക്തിരഹിതവും കേട്ടുകേൾവിയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
മൃഗശാലയും മ്യൂസിയവും സംരക്ഷിക്കേണ്ട പൈതൃക സ്ഥാപനങ്ങളാണെന്നും അവയെ മാറ്റാനുള്ള ഏതൊരു നീക്കത്തിനുമെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും വി.കെ. പ്രശാന്ത് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ അഭിപ്രായം പറയുന്നതിന് മുൻപ് മുഖ്യമന്ത്രി നേരിട്ട് മ്യൂസിയവും മൃഗശാലയും സന്ദർശിച്ച് യാഥാർഥ്യം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ‘റീഇമാജിനിങ് കേരള’ പരിപാടിയിലായിരുന്നു തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. നഗരമധ്യത്തിൽ മൃഗങ്ങളെ പരിമിതമായ ഇടങ്ങളിൽ പാർപ്പിക്കുന്നത് അവയോടുള്ള ക്രൂരതയാണെന്നും, കൂടുതൽ സ്വാഭാവികമായ ആവാസവ്യവസ്ഥ ലഭിക്കുന്ന നെയ്യാർ പോലുള്ള വനമേഖലകളിലേക്ക് അവയെ മാറ്റുന്നത് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ മൃഗശാലാ ഭൂമി പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറസ്സായ പൊതുസ്ഥലമാക്കി മാറ്റാമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമായത്.
