സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള സർക്കാരും ദേശീയ വനിതാ കമ്മീഷനും നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
വിഷയത്തിൽ കോൺഗ്രസും മറ്റ് മതേതര രാഷ്ട്രീയ പാർട്ടികളും മുസ്ലിം സംഘടനകളും പുലർത്തുന്ന മൗനത്തെയും വിഎച്ച്പി ചോദ്യം ചെയ്തു. കാന്തപുരത്തിന്റെ പ്രസ്താവനയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് വിമർശനം ഉന്നയിച്ചത്. സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ കാന്തപുരം സംസാരിച്ചിട്ടും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ മറ്റ് മതേതര രാഷ്ട്രീയ നേതാക്കളോ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ഇത്തരം നിലപാടുകൾക്കെതിരെ മതേതര കൂട്ടായ്മകൾ പുലർത്തുന്ന നിശബ്ദത ആശങ്കാജനകമാണെന്നും ബൻസാൽ പറഞ്ഞു. കാന്തപുരത്തിനെതിരെ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കാന്തപുരം നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആത്മീയ ചർച്ചകളെ വിവാദമാക്കി സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
