ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇനി വീഡിയോ ടെസ്റ്റും; ഡിസംബർ മുതൽ പുതിയ സംവിധാനം

ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകരുടെ അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവ് വിലയിരുത്താൻ പുതിയ പരീക്ഷാ സംവിധാനം കൊണ്ടുവരാൻ മോട്ടോർ വാഹന വകുപ്പ്. ഡിസംബർ മുതൽ വീഡിയോ ഗെയിം മാതൃകയിലുള്ള ഓൺലൈൻ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധമാക്കാൻ ഗതാഗത കമ്മീഷണർ നാഗരാജു ചകിലം നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷ നിർബന്ധമാക്കുന്നത്. എന്നാൽ നിലവിലുള്ള കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഇത്തരം പരിശോധനകൾ നടത്തുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ഈ പരീക്ഷ വിജയകരമായി പൂർത്തിയാക്കണം. ഡ്രൈവിംഗ് സ്‌കൂളുകൾ മുഖേന പരീക്ഷയ്ക്കാവശ്യമായ പരിശീലനവും നൽകും. ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക. ഓരോ വീഡിയോയിലും ഡ്രൈവിംഗിനിടെ നേരിടാൻ സാധ്യതയുള്ള കുറഞ്ഞത് രണ്ട് അപകടസാഹചര്യങ്ങൾ ഉണ്ടായിരിക്കും.

വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന അപകടസാധ്യതകൾ ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് സ്ക്രീനിലെ ബട്ടൺ അമർത്തുന്നതാണ് പരീക്ഷയുടെ പ്രധാന ഘടകം. അപകടസാധ്യത തിരിച്ചറിയുന്നതിൽ വൈകിയാൽ മാർക്ക് നഷ്ടമാകും. ഓരോ ശരിയായ ഉത്തരത്തിനും 10 മാർക്ക് വീതം ലഭിക്കും.

ആകെ 100 മാർക്കിൽ 60 മാർക്കെങ്കിലും നേടുന്നവർക്ക് മാത്രമേ തുടർ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള യോഗ്യത ലഭിക്കൂ. പുതിയ സംവിധാനം ഡ്രൈവർമാരുടെ അപകടബോധവും പ്രതികരണശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക