മോശം പ്രകടനം മാത്രം മതിയാകില്ല; തൊഴിലാളിയെ പിരിച്ചുവിടാൻ കർശന നിയമനടപടികളുമായി ഒമാൻ

മോശം പ്രകടനത്തിന്റെയോ കാര്യക്ഷമതക്കുറവിന്റെയോ പേരിൽ മാത്രം ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് (GFOW) വ്യക്തമാക്കി. പ്രകടനത്തിലെ പോരായ്മകൾ വ്യക്തമായി രേഖപ്പെടുത്തി ജീവനക്കാരന് എഴുത്തുപരമായ അറിയിപ്പ് നൽകാതെ ജോലി കരാർ അവസാനിപ്പിക്കാനാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

നിയമപ്രകാരം, തൊഴിലാളിക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് ആറുമാസത്തെ സമയം അനുവദിക്കണം. കൂടാതെ, കരാർ റദ്ദാക്കുന്നതിന് മൂന്ന് മാസം മുമ്പ് തൊഴിൽ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

പ്രകടന വിലയിരുത്തലുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങളില്ലാത്ത നോട്ടീസുകൾ ലഭിക്കുകയോ മെച്ചപ്പെടുത്താൻ മതിയായ സമയം അനുവദിക്കാതിരിക്കുകയോ ചെയ്താൽ, ജീവനക്കാർക്ക് തൊഴിലുടമയോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടാം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാനും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനും സംഘടന നിർദേശിച്ചു.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെങ്കിൽ, അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക