ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ സിജെപി; എകെജി സെന്ററിലെത്തിയ ഡൽഹി പോലീസിനെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ്

എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കത്തിനെതിരെ സി.ജെ.പി രംഗത്തെത്തി. ഐഷി ഘോഷിന് സംഘടന പിന്തുണ പ്രഖ്യാപിക്കുകയും വിഷയത്തിൽ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം. സജിയുമായി സി.ജെ.പി വക്താക്കൾ സംസാരിക്കുകയും ചെയ്തു.

ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഡൽഹിയിലെ എകെജി സെന്ററിലെത്തിയ പോലീസ് സംഘം സിവിൽ വേഷത്തിലായിരുന്നുവെന്നാണ് വിവരം. സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി സെന്ററിലെത്തിയ ഉദ്യോഗസ്ഥർ യൂണിഫോമോ തിരിച്ചറിയൽ ബാഡ്ജോ ധരിച്ചിരുന്നില്ലെന്ന് ആരോപണം ഉയർന്നു.

ഇതിനിടെ സംഭവസ്ഥലത്തെത്തിയ രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എംപി, യൂണിഫോമും ബാഡ്ജും ഇല്ലാതെ പോലീസ് നടപടി സ്വീകരിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തു. മഴ കാരണം യൂണിഫോം ധരിച്ചിരുന്നില്ലെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നൽകിയ വിശദീകരണം.

എന്നാൽ, നിയമാനുസൃതമായി യൂണിഫോമും തിരിച്ചറിയൽ ബാഡ്ജും ധരിച്ച ശേഷം മാത്രമേ നടപടികളുമായി മുന്നോട്ടുപോകാവൂവെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. “പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാൻ ഇവിടെ ഉണ്ടാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടർന്ന് പോലീസ് സംഘം സ്ഥലത്ത് നിന്ന് പിൻവാങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുങ്ങിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക