ഇ.ഡി കേസുമായി ബന്ധപ്പെട്ട് തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കേസിന്റെ വിശദാംശങ്ങൾ പൂർണമായി വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരിക്കുന്നതിനാൽ കൂടുതൽ വ്യക്തത വന്നശേഷം പ്രതികരിച്ചാൽ മതിയെന്നാണ് സി.പി.ഐയുടെ ധാരണ.
ഈ മാസം 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം വീണ്ടും അവലോകനം ചെയ്യും. അതുവരെ പാർട്ടി നേതാക്കളാരും കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം, സി.പി.ഐ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ഇ.ഡി പ്രതിപക്ഷ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇ.ഡിക്ക് അനുകൂലമായ പ്രതികരണം നടത്തുന്നത് പാർട്ടിയുടെ കേന്ദ്ര നിലപാടിന് വിരുദ്ധമാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പുതിയ സംഭവവികാസങ്ങൾ ഉണ്ടായപ്പോഴൊക്കെ ‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’ എന്ന നിലപാടായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചിരുന്നത്. എന്നാൽ കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തുന്ന സാഹചര്യത്തിലെങ്കിലും സി.പി.ഐ ശക്തമായ പിന്തുണയുമായി രംഗത്തെത്തുമെന്ന പ്രതീക്ഷ സി.പി.ഐ.എമ്മിനുണ്ടായിരുന്നു. എന്നാൽ നിലവിലെ തീരുമാനത്തോടെ ആ പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഇതിനിടെ, സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം കാത്തിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായാണ് നിയമോപദേശം നൽകുക.
സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകൾക്ക് പുറമെ ഹവാല ഇടപാടുകളും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് വിവരം. കേസിലെ ആരോപണങ്ങളും നിയമപരമായ വശങ്ങളും കൂടുതൽ വ്യക്തമായശേഷം മാത്രം രാഷ്ട്രീയ പ്രതികരണം മതിയെന്നാണ് സി.പി.ഐയുടെ നിലപാട്.
