കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഒഴിയുന്നു. അദ്ദേഹത്തിന്റെ കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കും. പുതിയ സ്ഥിരം എംഡിയെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയ്ക്ക് താൽക്കാലിക ചുമതല നൽകുമെന്നാണ് റിപ്പോർട്ട്.
2021 ഓഗസ്റ്റിലാണ് ബെഹ്റ കൊച്ചി മെട്രോയുടെ തലപ്പത്തെത്തിയത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലത്ത് രണ്ട് തവണ കാലാവധി നീട്ടി നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമായത്. രണ്ടാംഘട്ട മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും ബെഹ്റ നിർണായക പങ്കുവഹിച്ചു.
ഇത്തവണ ബെഹ്റയ്ക്ക് കാലാവധി നീട്ടേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. പുതിയ എംഡിയെ കണ്ടെത്താനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
ലോക്നാഥ് ബെഹ്റയ്ക്ക് പകരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകറിന്റെയും ജിജി തോംസണിന്റെയും പേരുകളാണ് സർക്കാർ പരിഗണിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2004 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ, മാനേജിങ് ഡയറക്ടർ, ഗതാഗത സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2025 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്.
2016 ഫെബ്രുവരിയിൽ കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസൺ, മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേശകനായും പ്രവർത്തിച്ചിരുന്നു.
