കേരളാ ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയായിട്ടും വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. നിയമപരമായി അനുവദിക്കാവുന്നതും ഹൈക്കോടതിയുടെ എതിർപ്പില്ലാതെ നടപ്പാക്കാൻ കഴിയുന്നതുമായ മോഡിഫിക്കേഷനുകളുടെ പട്ടിക തയ്യാറാക്കാനുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിരിക്കുന്നത്.
ജനങ്ങളിൽ നിന്ന് ലഭിച്ച സർവേ പ്രതികരണങ്ങളിൽ ഉൾപ്പെട്ട ഏകദേശം 200 നിർദേശങ്ങളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നിയമപരമായി നടപ്പാക്കാൻ കഴിയുന്ന മാറ്റങ്ങൾ അനുവദിക്കുമെങ്കിലും വാഹനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വൻതോതിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തീവ്രപ്രകാശമുള്ള ലൈറ്റുകൾ, അമിത വലിപ്പമുള്ള ടയറുകൾ തുടങ്ങിയവ പരിഗണനയിലില്ല.
ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി സെപ്റ്റംബർ ആദ്യവാരം അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക ഗതാഗത മന്ത്രിക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
ഇതിനിടെ വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ കുറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതലായി ലൈറ്റുകൾ ഘടിപ്പിക്കുന്നതും വീതിയേറിയ ടയറുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിർദേശിച്ചു.
അതിതീവ്ര വെളിച്ചം നൽകുന്ന എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തൽ.
അതേസമയം, ശബ്ദവും തീപ്പൊരിയും പുറപ്പെടുവിക്കുന്ന പുകക്കുഴലുകൾ ഗുരുതര അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ അവ കർശനമായി നിയന്ത്രിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സുരക്ഷയും നിയമാനുസൃതതയും ഉറപ്പുവരുത്തുന്ന രീതിയിലുള്ള മാറ്റങ്ങൾ മാത്രമേ പരിഗണിക്കാവൂ എന്ന നിലപാടിലാണ് അധികൃതർ.
