കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. സംഘടനയില്‍നിന്ന് വിട്ടുപോയ ഒരു വിഭാഗം മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. ‘കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്നാണ് പുതിയ കൂട്ടായ്മയുടെ പേര്. അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയാണ് ഒരു വിഭാഗം സിജെപിയില്‍നിന്ന് പിരിഞ്ഞത്.
ദീപ്‌കെയുടെ നേതൃത്വത്തിലുള്ള സംഘം അരവിന്ദ് കെജരിവാളിന്റെ രാഷ്ട്രീയ നിലപാടുകളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. വിവിധ സമരങ്ങളിലൂടെ ലഭിച്ച ജനപിന്തുണയെ അടിസ്ഥാനമാക്കി സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനുള്ള തീരുമാനം വേണ്ടത്ര ചര്‍ച്ചകളില്ലാതെയാണെന്ന് മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. കൂടാതെ, 12 അംഗ നയസമിതി രൂപീകരിച്ചതും സംഘടനയിലെ അംഗങ്ങളുമായി ആലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വാട്‌സ്ആപ്പ് നമ്പര്‍, മിസ്ഡ് കോള്‍ നമ്പര്‍ എന്നിവ പുറത്തിറക്കിയതായും മനീഷ് അറിയിച്ചു. സുതാര്യതയിലും ഉത്തരവാദിത്വത്തിലും വിശ്വാസമുള്ള ആര്‍ക്കും പുതിയ സംഘടനയില്‍ അംഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
സിജെപിയെ രാഷ്ട്രീയ താല്‍പര്യങ്ങളുള്ള ഒരു വിഭാഗം കൈയടക്കിയതാണ് പുതിയ നീക്കത്തിന് പിന്നിലെ കാരണമെന്ന് മനീഷ് ആരോപിച്ചു. സംഘടന ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ നിയന്ത്രണത്തിലാകരുതെന്നും, രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി തുടരണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിലരുടെ ലക്ഷ്യം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പരാജയപ്പെടുത്തുക മാത്രമാണെന്നും, ജനങ്ങളുടെ പ്രശ്നങ്ങളോ വിവിധ സംസ്ഥാനങ്ങളിലെ അഴിമതിയോ ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും മനീഷ് വിമര്‍ശിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ സമീപനങ്ങള്‍ക്കെതിരായ നിലപാടിന്റെ ഭാഗമായാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി-ഡെമോക്രാറ്റിക്’ രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
